ജന്തർ മന്തർ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ


തിരുവനന്തപുരം :- ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്‌കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പൊലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. സമരം ഒത്തുതീർക്കുന്നതിൻ്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈകൊണ്ടിട്ടില്ലെന്ന് പിണറായി കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

NEET പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആർജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നൽകുകയും അതിൻ്റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീർന്നപ്പോൾ മറ്റ് ആവശ്യങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നു. സമരത്തിന്റെ പേരിൽ മറ്റ് പീഡനങ്ങൾ ഉണ്ടാവില്ല എന്നും ഉറപ്പ് നൽകി. എന്നാൽ, ആ വിദ്യാർത്ഥി മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകൾ പിൻവലിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സമാധാനപരമായി സമരത്തിൽ ഭാഗഭാക്കായ വിദ്യാർത്ഥികൾക്കെതിരെയും യുവാക്കൾക്കെതിരെയും ഡൽഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാർജ്ജും ഉണ്ടായി. അതിന്റെ തുടർച്ചയായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സർക്കാരിൻ്റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.

ഡൽഹിയിൽ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ നൽകിക്കൊണ്ട് ഒത്തുചേർന്നവർക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്‌മകളുടെയും ഭാഗമായവർക്ക് എതിരെ പോലും കള്ളക്കേസുകൾ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പർ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാർ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തിൽ എടുത്ത കേസുകൾ തുടരുന്നത് ഉചിതമല്ല. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Previous Post Next Post