കൊളച്ചേരി വാർത്തയുടെ ഇടപെടൽ ഫലം കണ്ടു ; കൊളച്ചേരി പോസ്റ്റ് ഓഫീസിൽ വൈദ്യുതി പുനസ്ഥാപിച്ചു , ജനങ്ങൾക്ക് ആശ്വാസം


കമ്പിൽ :- മൂന്ന് ദിവസമായി ജനങ്ങളെ ദുരിതത്തിലാക്കിയ കൊളച്ചേരി പോസ്റ്റ് ഓഫീസിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമായി. 'കൊളച്ചേരി വാർത്തകൾ Online News' ന്റെ ഇടപെടലിനെ തുടർന്ന് KSEB അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയും, പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.

​കമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള പോസ്റ്റിലെ സ്റ്റേ വയർ പൊട്ടിയതായിരുന്നു വൈദ്യുതി മുടങ്ങാൻ കാരണം. സ്കൂൾ വിദ്യാർത്ഥികളും നിരവധി യാത്രക്കാരും എപ്പോഴും ഉണ്ടാകാറുള്ള ഈ പ്രധാന റോഡരികിലെ അപകടാവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് KSEB അധികൃതർ താൽക്കാലികമായി ഈ ലൈനിലൂടെയുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചത്.

​വൈദ്യുതി മുടങ്ങിയതോടെ കമ്പ്യൂട്ടർ സേവനങ്ങൾ നിലച്ച് ദിവസങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന കടുത്ത ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ ശാശ്വത പരിഹാരമായിരിക്കുന്നത്. ഇതോടെ പോസ്റ്റ് ഓഫീസിലെ എല്ലാവിധ സേവനങ്ങളും പതിവുപോലെ തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാകും.

വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കെ.എസ്.ഇ.ബി പോസ്റ്റിന്റെ സ്റ്റേ വയർ പൊട്ടിവീഴുന്നത് പ്രദേശത്ത് പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സ്റ്റേ വയർ പൊട്ടി റോഡിൽ വീണുകിടന്നിരുന്നു. കെ.എസ്.ഇ.ബി അധികൃതർ ഇത് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടതിനാലും അവർ ഉടനടി ഇടപെട്ടതിനാലും വൻ അപകടം ഒഴിവാകുകയായിരുന്നു.

പോസ്റ്റ്‌ ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി 'കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസ്' നടത്തിയ ഇടപെടലിലൂടെ പോസ്‌റ്റോഫീസിലെ ദുരിതം മനസ്സിലാക്കാൻ അധികൃതർ സാധിക്കുകയും അതോടെ പുതിയ പോസ്റ്റ്‌ സ്ഥാപിച്ച് വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്തു.





Previous Post Next Post