പയ്യന്നൂർ :- തീവണ്ടിയിൽ യാത്ര ചെയ്യുന്ന സമയത്ത് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് റെയിൽവേ. മംഗളൂരു-ഗോവ വന്ദേഭാരതിലാണ് പരീക്ഷണം. വിവിധ ഉത്പന്നങ്ങൾ യാത്രാസമയത്ത് നൽകാനാണ് റെയിൽവേയുടെ ശ്രമം. ഉത്പന്നങ്ങളുമായി കമ്പനികളുടെ വില്പനക്കാരാണ് യാത്രക്കാരെ തേടിയെത്തുക. യൂണിഫോമിൽ തിരിച്ചറിയൽ കാർഡുമായാണ് ഇവർ വരിക. കാശു വേണമെന്നില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാൽ ഇഷ്ടസാധനങ്ങൾ വാങ്ങാം. യാത്രയ്ക്ക് തടസ്സമാകാത്ത വിധമായിരിക്കും വില്പന.
ഈ മാസം 28-ന് മംഗളൂരു-ഗോവ വന്ദേഭാരതിൽ വില്പന തുടങ്ങുമെന്ന് സംരംഭകനായ പയ്യന്നൂരിലെ ഹരികൃഷ്ണൻ പറഞ്ഞു. പുസ്തകം, കളിപ്പാട്ടങ്ങൾ, മാല, കമ്മൽ ഉൾപ്പെടെയുള്ള ആഭരണങ്ങൾ, പെർഫ്യൂം, സ്റ്റേഷനറി സാധനങ്ങൾ എന്നിവയാണ് വന്ദേഭാരതിലെ യാത്രക്കാർക്ക് വിൽക്കാനായി എത്തിക്കുക. പുതുമയുള്ള ഈ കച്ചവടം മുംബൈ കേന്ദ്രീകരിച്ചുള്ള 16 വണ്ടികളിൽ റെയിൽവേ മുൻപ് തുടങ്ങിയിരുന്നു.
വെസ്റ്റേൺ റെയിൽവേയുടെ പദ്ധതി മറ്റു റെയിൽവേ സോണുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു. പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങൾ എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ്) യാത്രക്കാരിലെത്തി ക്കുയാണ് എന്നതാണ് പദ്ധതി. ഈ സംവിധാനത്തിലൂടെ ആകർഷകമായ സൗന്ദര്യവർധകവസ്തുക്കൾ, അടുക്കള, ഫിറ്റ്നെസ് ഉപകരണങ്ങൾ അടക്കം വാങ്ങാൻ കിട്ടും. കേരളം, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ കരകൗശലവസ്തുക്കൾ ഉൾപ്പെടെ വിപണനത്തിന്റെ വലിയ സാധ്യതയാണ് റെയിൽ വേ കാണുന്നത്.
