സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പിറന്നാൾ മറന്നുപോകുന്നവർക്ക് ആശ്വാസമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സേവ് ചെയ്തിരിക്കുന്ന കോൺടാക്‌ടുകളുടെ ജന്മദിനം ഓർമ്മിപ്പിക്കുന്ന 'ബർത്ത്ഡേ നോട്ടിഫിക്കേഷൻ' സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ കണ്ടെത്തിയ ഈ ഫീച്ചർ ഭാവിയിലെ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
'ബർത്ത്ഡേയ്സ്' എന്ന പുതിയ വിഭാഗം
ട്രാക്കറായ വാബീറ്റാഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്‌സ്ആപ്പിൽ 'ബർത്ത്ഡേയ്സ്' എന്ന പേരിൽ പ്രത്യേകൊരു വിഭാഗം അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ ഉപയോക്താവിൻ്റെ കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങൾ ഒരിടത്ത് തന്നെ കാണാൻ സാധിക്കും. പിറന്നാൾ ഓർമ്മിക്കാൻ മറ്റ് ആപ്പുകളെയോ കലണ്ടറുകളെയോ ആശ്രയിക്കേണ്ട സാഹചര്യം ഇതോടെ കുറയുമെന്നാണ് വിലയിരുത്തൽ.
പിറന്നാൾ ദിവസം നോട്ടിഫിക്കേഷൻ
ഒരു കോൺടാക്ടിൻ്റെ പിറന്നാൾ ദിനത്തിൽ വാട്‌സ്ആപ്പ് ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ അയച്ച് ഉപയോക്താവിനെ ഓർമ്മിപ്പിക്കും. നോട്ടിഫിക്കേഷനിൽ ടാപ്പ് ചെയ്‌താൽ നേരിട്ട് ആ വ്യക്തിയുടെ ചാറ്റിലേക്ക് പ്രവേശിച്ച് ജന്മദിനാശംസകൾ അറിയിക്കാനും സാധിക്കും. ഉപയോക്തൃ അനുഭവം കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ഈ ഫീച്ചറിലൂടെ കമ്പനിയുടെ ലക്ഷ്യം.
എന്നാൽ ഈ സംവിധാനം എല്ലാ കോൺടാക്ടുകൾക്കും ഒരുപോലെ പ്രവർത്തിക്കില്ല. ബന്ധപ്പെട്ട ഉപയോക്താവ് തന്റെ ജനനത്തീയതി വാട്‌സ്ആപ്പിന് നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ അവരുടെ ജന്മദിനം 'ബർത്ത്ഡേയ്‌സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയോ നോട്ടിഫിക്കേഷൻ ലഭിക്കുകയോ ചെയ്യൂ.
നിലവിൽ ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ പ്രായപരിശോധനയ്ക്കുള്ള നിയമങ്ങളുടെ ഭാഗമായി ഉപയോക്താക്കളിൽ നിന്ന് വാട്‌സ്ആപ്പ് ജനനത്തീയതി ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് പുതിയ ഫീച്ചറിനായി ഉപയോഗിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇത്തരം നിർബന്ധിത വിവരശേഖരണം ഇല്ലാത്തതിനാൽ, ഉപയോക്താക്കൾ സ്വമേധയാ ജനനത്തീയതി പങ്കുവെച്ചാൽ മാത്രമേ ഈ സംവിധാനം കൂടുതൽ വ്യാപകമായി പ്രവർത്തിക്കുകയുള്ളൂ.
ഈ ഫീച്ചറുമായി ബന്ധപ്പെട്ട സ്വകാര്യതാ നിയന്ത്രണങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ജനനത്തീയതി ആരൊക്കെ കാണണം, ആരിൽ നിന്ന് മറച്ചുവയ്ക്കണം തുടങ്ങിയ ഓപ്ഷനുകൾ നിലവിലെ പരീക്ഷണ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അന്തിമ പതിപ്പിൽ ഇത്തരം സൗകര്യങ്ങൾ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റ 2.26.27.3 പതിപ്പിലാണ് ഈ ഫീച്ചറിന്റെ സൂചനകൾ കണ്ടെത്തിയത്. എന്നാൽ ഇത് ഇപ്പോഴും വികസന ഘട്ടത്തിലായതിനാൽ ബീറ്റ ഉപയോക്താക്കൾക്ക് പോലും ലഭ്യമല്ല. ഔദ്യോഗിക പ്രഖ്യാപനവും റിലീസ് തീയതിയും കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാൽ അന്തിമ പതിപ്പിൽ ഫീച്ചറിൽ മാറ്റങ്ങൾ വരാനോ, പുറത്തിറങ്ങാതിരിക്കാനോ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
