തിരുവനന്തപുരം :- സംസ്ഥാനത്തെ പി.എസ്.സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐ.ജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് കത്ത് നൽകും.
ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും. നേരത്തെ പി.എസ്.സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പി.എസ്.സി. രജിസ്റ്റർ ചെയ്തത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പി.എസ്.സി. സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.
