കണ്ണൂർ :- നിശ്ചിത സമയം അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ സെൻസസ് ഒന്നാംഘട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണം 100 ശതമാനം പൂർത്തിയാക്കി കണ്ണൂർ ജില്ല. ജില്ലയിൽ ആകെയുള്ള 4823 വീട്പട്ടികാ ബ്ലോക്കുകളിലെയും മുഴുവൻ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണമാണ് എന്യമറേറ്റർമാർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ പൂർത്തീകരിച്ചത്.
ജില്ലയിൽ ആകെ 16 ചാർജ് ഓഫീസർമാരും 647 സൂപ്പർവൈസർമാരും 3991 എന്യമറേറ്റർമാരുമാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്നത്. നേരത്തേ സെൽഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയിൽ 62,733 പേർ സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളും എന്യമറേറ്റർമാർ നേരിട്ടെത്തി പരിശോധിച്ച് ഇതിനകം സെൻസസ്പോർട്ടലിൽ രേഖപ്പെടുത്തി. സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.
മറ്റ് ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിലും ജില്ലയിലെ സെൻസസ് വിവരശേഖരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ ശ്ലാഘനീയമായ പങ്കുവഹിച്ച ജില്ലാതല സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സൂപ്പർവൈസർമാർ എന്യമറേറ്റർമാർ, സെൻസസ്പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കലക്ടറേറ്റിലെയും താലൂക്കുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി.വിഷ്ണുരാജ് അഭിനന്ദിച്ചു. സെൻസസി വരശേഖരണവുമായി മികച്ച രീതിയിൽ സഹകരിച്ച ജില്ലയിലെ ജനങ്ങൾക്കും കളക്ടർ നന്ദി അറിയിച്ചു.
