കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും സമ്മതിദാനാവകാശം വിനിയോഗിച്ച് തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഒമ്പത് സ്ഥാനാർത്ഥികൾ മത്സരിച്ച ആവേശകരമായ തിരഞ്ഞെടുപ്പിൽ ധീരജ് കെ.വിയെ (7E) ഫസ്റ്റ് ലീഡറായും അമ്രിക് ഷാജിയെ (7F) സെക്കൻഡ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിന് അധ്യാപികമാരായ പി.രമ്യ, ഷനല മോഹൻ, മുനീസ് പി.പി, ജിംന, റീന.കെ, നിത്യ.ഒ എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലും മാതൃകാപരമായി പൂർത്തിയാക്കി. ലീഡറെ ഹെഡ്മിസ്ട്രസ് വി.കെ സുനിത ടീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
