10,000 പേർക്ക് തിരുവോണസദ്യ നൽകാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം ; ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി


തൃശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും.

25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്‌ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും.

തിരുവോണ ദിവസമായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ 2 നൽകും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ എന്നിങ്ങനെയാണ് വിഭവങ്ങൾ. അന്നലക്ഷ്മ‌ി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് നൽകുന്നത്.

തിരുവോണ ദിവസം രാവിലെ കൊമ്പൻ ബൽറാമും ഉച്ചകഴിഞ്ഞ് ഇന്ദ്രനും രാത്രി രാജശേഖരനും കോലമേറ്റും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഉത്രാടം മുതൽ ചതയം വരെ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് ദർശനം ഉറപ്പാക്കുന്നതിനായി ഒരു മണിക്കൂർ ദർശന സമയം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നാലരയ്ക്ക് തുറക്കാനുള്ള ക്ഷേത്രനട ഈ ദിവസങ്ങളിൽ മൂന്നരയ്ക്ക് തുറക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, എ യു ഷിനിജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post Next Post