മാസപ്പടി കേസ് ; 8 ഇടങ്ങളിൽ ED റെയ്ഡ്, മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന


കോഴിക്കോട് :- വീണ വിജയന് എതിരായ സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നടപടികളിലേക്ക്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിലാണ് മൂന്നാം ഘട്ടത്തിലുള്ള പരിശോധന പുരോഗമിക്കുന്നത്. ഇ.ഡി അസിസ്‌റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ ആയ എൻ. നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ‌് ഹില്ലിലുളള വീട്ടിൽ ചൊവ്വാഴ്‌ച രാവിലെ ആറു മണിയോടെ പരിശോധന തുടങ്ങിയത്.

ടി.വീണയുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും ഈസ്റ്റ്ഹിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ് എൻ.നന്ദുലാൽ. പി.എ.മുഹമ്മദ് റിയാസിന്റെ മറ്റൊരു സുഹൃത്തും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.നിഖിലിന്റെ ഫ്ലാറ്റിലും തിരച്ചിൽ നടക്കുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.

ജില്ലയിലും സംസ്‌ഥാനത്തെ വിവിധ ഇടങ്ങളിലും പ്രവർത്തിക്കുന്ന പരസ്യ കമ്പനി ഉടമ കൂടിയാണ് പി. നിഖിൽ. ആശുപത്രിയിൽ ആയിരുന്ന നിഖിലിനെ ഫ്ലാറ്റിൽ എത്തിച്ചാണ് ഇ.ഡി തിരച്ചിൽ തുടങ്ങിയത്. നേരത്തെ നിഖിലിന്റെ ഫറോക്ക് കരുവൻതിരുത്തി എ.പി.റോഡിലെ തറവാട്ടു വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തി. രാവിലെ 6.45ന് മൂന്നു കാറുകൾ എത്തിയ സംഘത്തിൽ ഒരു കാറിലുള്ളവരാണ് ഈ വീട്ടിൽ പരിശോധനയ്ക്കായി കയറിയത്. മറ്റു രണ്ടു കാറുകൾ തിരിച്ചുപോയി. മുറികളിലെ അലമാര തുറന്നു പരിശോധിച്ചു. രാവിലെ 9.10 ന് തിരിച്ചുപോയി. ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം.

Previous Post Next Post