ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി


ചെറുപുഴ :- കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ.രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട ബെന്നി എന്നയാളെ രക്ഷിക്കുന്നതിനിടയിലാണ് റെപ്പലിങ് ഇൻസ്‌ട്രക്ടറായ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ്‌ ഭവനിൽ ആർ.രാജേഷ് അപകടത്തിൽപ്പെട്ടത്. 

11.30-ഓടെ കർണാടകവനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ് മീന്തുള്ളി നോർത്തിലെ കൃഷിയിടത്തിൽ എത്തിയതായിരുന്നു ബെന്നി. കർണാടകവനത്തിനും കാര്യങ്കോടുപുഴയ്ക്കും ഇടയിലുള്ള തുരുത്താണ് അവിടം. കാല്‌ മൂടാനുള്ള വെള്ളമേയുണ്ടായിരുന്നുള്ളൂ. കാപ്പിത്തൈകളിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾ നീക്കി. മൂന്നുമണിയോടെ പുഴയിൽ വെള്ളം കൂടിവരാൻ തുടങ്ങി. മോട്ടോറും യന്ത്രസാമഗ്രികളും പണിയായുധങ്ങളും വേഗം എടുത്തുവെച്ച് മടങ്ങാൻ തീരുമാനിച്ചു. കാണക്കാണെ പെട്ടെന്ന് പെരുകിവരുന്ന വെള്ളം അരയ്ക്കൊപ്പമായപ്പോൾ കാര്യം കുഴപ്പമാണെന്ന് മനസ്സിലായി. 1971 മുതൽ പരിചയമുള്ളതാണ് പുഴയും പുഴയുടെ ഒഴുക്കും. വേഗം ഫോണെടുത്ത് ഭാര്യ ആൻസിയെ വിളിച്ച്‌ വിവരം പറഞ്ഞു. തുടർന്ന് പഞ്ചായത്തംഗം റോഷി ജോസിനെ വിളിച്ചു. പേടിക്കണ്ട, അഗ്നിരക്ഷാസേനയെ അയക്കാമെന്ന് പറഞ്ഞു. ഇരുവശത്തുകൂടിയും വെള്ളം കുത്തിയൊഴുകാൻ തുടങ്ങി.

ശക്തമായ ഒഴുക്കിൽ കാലിടറിയതോടെ ഫോൺ തെറിച്ചുപോയി. ചെരിപ്പും പോയി. ഒഴുക്കിനെ പ്രതിരോധിക്കാൻ ഷർട്ടും ഊരിവിട്ടു. കാടുവെട്ട് യന്ത്രവും മോട്ടോറും പണിയായുധങ്ങളും സൂക്ഷിച്ചിരുന്ന ഷെഡ് അടക്കം ഒഴുകിപ്പോയി. വെള്ളം കഴുത്തറ്റമായപ്പോൾ തെങ്ങിൽ വട്ടംപിടിച്ച് നിന്നു. ദൂരെനിന്ന് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളും വരുന്നത് കണ്ടു. എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. പിന്നെ ബെന്നി മുന്നിലും ഷിബിനും ജിതിനും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി ഇക്കരയ്ക്ക് തിരിച്ചു. 40 മീറ്ററോളം വീതിയുണ്ട് പുഴയ്ക്ക്. കുത്തനെയുള്ള ഒഴുക്കും പാറക്കെട്ടുമാണ് പുഴയിൽ. കരയ്ക്ക് കയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്‌ കണ്ടതെന്ന്‌ ബെന്നി പറഞ്ഞു.

Previous Post Next Post