കോഴിക്കോട് :- സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നു. കോഴിക്കോട് മഴ ശമിച്ചെങ്കിലും നഗരം വെള്ളക്കെട്ടിലാണ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴക്കെടുതിയുടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ടയിൽ-75, കോട്ടയത്ത് 64, കോഴിക്കോട് 36 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇന്നലെ വൈകീട്ട് വരെ സർക്കാർ കണക്കിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആണ്. ഇതുവരെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു.
