കണ്ണൂർ :- മലയാള മാസമായ കർക്കടകത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ആത്മശാന്തിക്കായി നടത്തുന്ന പിതൃതർപ്പണമാണ് കർക്കടക വാവുബലി. ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്തവാവാണിത്. മരിച്ചുപോയ മുൻഗാമികളെ സ്‌മരിക്കാനും അവർക്ക് അന്നജലങ്ങൾ സമർപ്പിച്ച് കൃതജ്ഞത പ്രകടിപ്പിക്കാനുമുള്ള പ്രധാന ദിവസമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
കർക്കടക വാവ് ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്ക് ഒരു വർഷത്തേക്ക് ആത്മശാന്തിയും തൃപ്‌തിയും ലഭിക്കുമെന്നാണ് വിശ്വാസം. മാതാപിതാക്കളെയും പൂർവികരെയും ഓർക്കുന്നതിലൂടെ കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ഗരുഡപുരാണം പോലുള്ള ഗ്രന്ഥങ്ങൾ പറയുന്നു.
ഇന്ന് ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. കർക്കിടക വാവ് ദിനമായ ഇന്ന് കണ്ണുരിൽ പയ്യാമ്പലം കടപ്പുറം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.
കർക്കടക വാവുബലിക്ക് തലശ്ശേരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തലശ്ശേരി തൃക്കെ ശിവക്ഷേത്രത്തിൻ്റെയും തലായി ബാലഗോപാല ക്ഷേത്രത്തിൻ്റെയും ആഭിമുഖ്യത്തിൽ തലായി കടപ്പുറത്ത് നടക്കുന്ന ബലിതർപ്പണത്തിന് പതിനായിരം പേർക്ക് ബലിയിടാനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്.രാവിലെ ആറുമണി മുതലം നുരുമ്പിൽ ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപവും ജഗന്നാഥക്ഷേത്രത്തി ലും തർപ്പണത്തിനുള്ള സൗകര്യം ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്.
കർക്കിടക വാവുബലിയെ തുടർന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ചടങ്ങുകൾ തുടങ്ങി. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ പാപനാശിനിയിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നു.പിതൃസ്മരണയിൽ കർക്കിടക വാവുബലിയ്ക്കായി ആലുവ മണപ്പുറത്ത് പുലർച്ചെ മുതൽ തന്നെ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൂർവികരെ സ്മരിച്ച് ബലിതർപ്പണം നടത്താൻ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിശ്വാസികൾ ആലുവയിലെത്തിയത്.
ആലുവയിൽ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. നാല് മണിയോടെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ഇപ്പോഴും ബലി തര്‍പ്പണത്തിനായി വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 40-ഓളം ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്തുള്ള അദ്വൈത ആശ്രമത്തിലും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നുണ്ട്..
