ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും, നോട്ടീസ് അയച്ചു തുടങ്ങി


കൊച്ചി :- തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും. നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം പി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും. അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. ഐ പി ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഉണ്ണി ഡി എസ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ ഷഹിൻ, നിതിൻ രാജ് എന്നിവർക്ക് ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും എതിർപ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലിൽ കഴിയുകയും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്‌ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.

Previous Post Next Post