കണ്ണൂർ :- പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ നമുക്ക് ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാവിലെ ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് നടന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്സൈസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് ഉള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ അണിനിരന്നു. തുടര്‍ന്ന് റിവ്യൂ ഓര്‍ഡര്‍ മാര്‍ച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചു. പരേഡില്‍ മികച്ച പ്രകടനം നടത്തിയ വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് മന്ത്രി സമ്മാനദാനവും നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി.വി. വിജയ് ഭാരത് റെഡ്ഡി, റൂറല്‍ പോലിസ് മേധാവി ഉമേഷ് ഗോയല്‍ എന്നിവരും പരേഡിന് അഭിവാദ്യം അര്‍പ്പിച്ചു. മേയര്‍ അഡ്വ. പി ഇന്ദിര, എംഎല്‍എമാരായ ടി ഒ മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലിഷ ദീപക്, എഡിഎം പി എന്‍ പുരുഷോത്തമന്‍, എച്ച് എസ് രാജേഷ് ഖന്ന, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കാളികളായി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജുവായിരുന്നു പരേഡ് കമാന്റര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുജിത്ത് കുമാര്‍ ലെക്കന്റ് ഇന്‍ കമാന്‍ഡായി. പരേഡിന് ശേഷം ദേശഭക്തി ഗാനാലാപനവും നടന്നു.
