നൈപുണ്യ വികസന പദ്ധതി; 13 പേര്‍ക്ക് പ്രമുഖ കമ്പനികളില്‍ ജോലി;നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു

 


കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പും എന്‍.ടി.ടി.എഫ് തലശ്ശേരിയും സഹകരിച്ച് നടപ്പിലാക്കിയ സ്‌കില്‍ ട്രെയിനിംഗ് പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. നിയമനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ വിതരണം ചെയ്തു.

പത്ത് മാസം ദൈര്‍ഘ്യമുള്ള കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ജോലി ലഭിച്ചത്. ടാറ്റ ഇലക്ട്രോണിക്‌സ്- ഹൊസൂര്‍, ഇന്നവേറ്റ് എയ്‌റോസ്‌പേസ് സൊല്യൂഷന്‍സ്- ബംഗളൂരു, ടോപ്പ് ഫ്‌ലൈറ്റ് കോംപോണന്റ്‌സ്- മൈസൂരു, മെക്ക് ഇന്‍ഫിനിറ്റി എന്‍ജിനീയറിംഗ്, ബംഗളൂരു തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് നിയമനം.

സാങ്കേതിക പരിശീലനത്തോടൊപ്പം വ്യവസായ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നല്‍കുകയും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ നിയമനം നേടാന്‍ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമായി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബ്‌ന ടി., വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രന്‍, സെക്രട്ടറി പ്രസാദ് പി.ടി., എന്‍.ടി.ടി.എഫ്. പ്രിന്‍സിപ്പാള്‍ സരസ്വതി വി.എം., അസിസ്റ്റന്റ് മാനേജര്‍ വികാസ് പി. എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന്‍ സ്വാഗതവും വി.വി. സതീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post