കണ്ണൂർ:- കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഏകപക്ഷീയമായി പ്രവർത്തിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാൻേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29-ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി വൈകിട്ട് 4 മണിക്ക് കലക്ടറേറ്റിനു മുന്നിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് വൈകിട്ട് 5 മണിക്ക് സ്റ്റേഡിയം കോർണറിലെ നെഹ്റു പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സംഗമം നടക്കുമെന്ന് സംഘാടകര് അറിയിച്ചു.
സ്വതന്ത്രവും നീതിപൂർവ്വവുമായും പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ കറകളഞ്ഞ സംഘപരിവാർ ഏജൻസിയെപ്പോലെയാണ് പെരുമാറുന്നതെന്ന് എൽ.ഡി.എഫ്. കുറ്റപ്പെടുത്തി. സഹ കമ്മീഷണർമാർ തന്നെ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഏകപക്ഷീയമായ നടപടികളിലൂടെ ഇന്ത്യൻ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളാണ് കവർന്നെടുക്കപ്പെടുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാണെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയന്നുവരണമെന്നും ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി.
സെപ്റ്റംബർ 29-ന് നടക്കുന്ന പ്രതിഷേധ സംഗമം വൻവിജയമാക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. സി.പി. സന്തോഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. കൺവീനർ എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
