ദില്ലി :- ദില്ലി സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കൻ ദില്ലിയിലെ സത്യ നികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണത്. ദില്ലി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റൽ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആൺകുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് നാല്പത് പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടൽ. ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവർ പറഞ്ഞത്.
വലിയ കോൺക്രീറ്റ് പാളികൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ നന്നേ കഷ്ടപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടറിങ്ങിയത്. എൻഡിആർഎഫ്, ഫയർഫോഴസ്, പൊലീസ് തുടങ്ങി വിവിധ ഏജൻസികൾ പിന്നാലെയെത്തി. കോൺക്രീറ്റ് പാളികൾ വെട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കാൻ വലിയ കാലതാമസം നേരിടുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്ന് കരച്ചിൽ കേൾക്കാമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
കെട്ടിടത്തിന്റെ കാലപ്പഴക്കവും, ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുർബലമായ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നിർമ്മാണ പ്രവൃത്തികൾ നടന്നിരുന്നതായും പ്രദേശവാസികൾ പറയുന്നു. 75 പേരെയാണ് പാർപ്പിച്ചിരുന്നതെന്നാണ് വിവരം. അവധി ദിനമായിരുന്നതിനാൽ പലരും വീടുകളിലേക്ക് പോയിരുന്നു. ഹോസ്റ്റലായി < പ്രവർത്തിക്കുന്ന സമീപമുള്ള കെട്ടിടവും ദുർബലാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ അവിടെയുള്ളവരെ ഒഴിപ്പിച്ചു. ദുരന്തത്തിൽ കെട്ടിടം ഉടമക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നാണ് സൂചന.
ദില്ലി മുഖ്യമന്ത്രി രേഖ ഇന്നലെ തന്നെ ഗുപ്ത അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അതേസമയം, സർക്കാരിന്റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമല്ലാത്തതിനെ കോൺഗ്രസും, സിജെപിയും കുറ്റപ്പെടുത്തി.. കെട്ടിടം തകർന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണിത്. നിയമലംഘനം നടത്തി നിർമ്മിച്ചതും കാലപ്പഴക്കം ചെന്നവുമായ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
