മാങ്ങാട്ടിടത്തെ യുവതിയുടെ ആത്മഹത്യ ; 'ശാരീരികമായും മാനസികമായും പീഡിപ്പിച്ചു, സ്ത്രീധനത്തിന്റെ പേരിലും പീഡനം', ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)


തലശ്ശേരി :- മാങ്ങാട്ടിടത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മാങ്ങാട്ടിടം സ്വദേശി ജ്യോതിഷ (27) യെ ഭർത്താവ് പാതിരിയാട് സ്വദേശി സജിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനം കുറഞ്ഞുപോയി എന്നു പറഞ്ഞ് വിവാഹം കഴിഞ്ഞതുമുതൽ പീഡിപ്പിച്ചുവെന്നും ഗർഭിണി ആയപ്പോഴും പീഡനം തുടർന്നുവെന്നും കുടുംബം പറയുന്നു. പൊലീസ് കേസെടുക്കാൻ വൈകിയത് രാഷ്ട്രീയ സ്വാധീനം കാരണമാണെന്നും ഭർത്താവ് സജിൽ സിപിഎം പ്രവർത്തകനാണെന്നും കുടുംബം പറഞ്ഞു.

മാർച്ച് മാസം എട്ടിന് പുലർച്ചെയാണ് ജ്യോതിഷ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസ് കേസെടുത്തത്. ജ്യോതിഷയുടെ ഭർത്താവ് സജിലിനും ബന്ധുക്കൾക്കുമെതിരെ ആണ് പിണറായി പൊലീസ് കേസെടുത്തത്. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് പൊലീസ് മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ജ്യോതിഷയ്ക്ക് വിവാഹസമയം 12 പവൻ സ്വർണവും പണവും കുടുംബം നൽകിയിരുന്നു. ഇനിയും സ്വർണവും പണവും വേണമെന്ന് പറഞ്ഞ് ഭർത്താവ് സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും ജ്യോതിഷയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വിവാഹശേഷം താലിമാല ഒഴികെ മുഴുവൻ സ്വർണവും ഭർതൃവീട്ടുകാർ വിറ്റതായി ബന്ധുക്കൾ ആരോപിച്ചു. 2020 നവംബർ 20നായിരുന്നു ജ്യോതിഷയുടെയും സജിലിന്റെയും വിവാഹം. ജ്യോതിഷ ആത്മഹത്യ ചെയ്യുമ്പോൾ എട്ടരമാസം പ്രായമുള്ള കുഞ്ഞും ഇവർക്ക് ഉണ്ടായിരുന്നു.

Previous Post Next Post