തമിഴ്നാട്:-വീട്ടിലെത്ര സ്വർണമുണ്ട് പണമുണ്ട് എന്നുള്ളത് ഉറക്കെ വിളിച്ചുപറയുന്നത് വ്യക്‌തിഗത തീരുമാനമാണ്. എന്നാൽ തൻ്റെ സമ്പത്ത് യൂട്യൂബിൽ പ്രദർശിപ്പിച്ച് പണി വാങ്ങിയ യൂട്യൂബറുടെ വാർത്തയാണ് തമിഴ്‌നാട് നാഗർകോവിലിൽ നിന്ന് വരുന്നത്. പ്രമുഖ യൂട്യൂബർ ദമ്പതികളുടെ വീട്ടിൽ നിന്ന് 118 പവൻ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വൻ തുകയും മോഷണം പോയി.
യൂട്യൂബർമാരായ വിനോദ് കുമാർ, മധുമിത എന്നിവരുടെ നാഗർകോവിൽ തമ്മാട്ടുകോണം വി.ഐ.പി ഗാർഡനിലെ വീട്ടിലാണ് കവർച്ച നടന്നത്.കവർച്ച നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ദമ്പതികൾ തങ്ങളുടെ സമ്പത്ത് ഇൻസ്റ്റാഗ്രാം റീൽസിലൂടെയും യൂട്യൂബ് ഷോർട്‌സിലൂടെയും പ്രദർശിപ്പിച്ചിരുന്നു.
പൂജാമുറിയിലും കട്ടിലിലും 500 രൂപയുടെ കെട്ടുകളും സ്വർണാഭരണങ്ങളും അടുക്കിവെച്ചുള്ള വിഡിയോ ഇവർ പങ്കുവെച്ചിരുന്നു. തങ്ങളുടെ മകൾക്ക് മുകളിലൂടെ പണം വിതറുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ കണ്ട് ആകർഷിക്കപ്പെട്ടാണ് മോഷ്ടാക്കൾ വീട് ലക്ഷ്യമിട്ടതെന്ന് പൊലീസ് സംശയിക്കുന്നു.
ഏകദേശം 1 കോടി രൂപ മൂല്യം വരുന്ന 118 പവൻ സ്വർണം, വജ്രാഭരണങ്ങൾ, കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ പണം എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. വീട്ടിലെ പിൻവാതിൽ തകർത്താണ് കള്ളന്മാർ അകത്തുകയറിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും, സംഭവസമയത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്
