ആലപ്പുഴ :- കരീലക്കുളങ്ങര രാമപുരത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി-സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി മാളിയേക്കൽ ജങ്ഷന് തെക്കുവശം ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ പാഞ്ഞുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻതന്നെ കരീലക്കുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും. സഹോദരി : ആര്യ.
