പത്തനംതിട്ട :- കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. ഈ മാസം 16 നാണ് തിരുവല്ലയിലെ ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കാനായി ചികിത്സയ്ക്ക് വിദ്യ എത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടതോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു. ക്ലിനിക്കിലെ ചികിത്സാ പിഴവാണ് ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സയിലോ അനസ്തേഷ്യ നൽകിയതിലോ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നും ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും ക്ലിനിക് അധികൃതർ പറയുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അധികൃതർ - കൂട്ടിച്ചേർത്തു. 2021ലും ഇതേ ക്ലിനിക്കിൽ ചികിത്സ തേടിയ മറ്റൊരു യുവതിക്കും ജീവൻ നഷ്ടമായിട്ടുണ്ട്. വിദ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
