കുറ്റ്യാട്ടൂർ :- ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ചട്ടുകപ്പാറയിൽ ബെയ്‌സ് ലൈൻ സർവ്വേ നടത്തി. ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂളിലെ NSS വളണ്ടിയർമാർ നടത്തിയ ബേയ്സ് ലൈൻ സർവ്വേയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി പങ്കജാക്ഷൻ ,പഞ്ചായത്തംഗം എം.വി രേവതി, സെക്രട്ടറി പി.എം ബിന്ദു, എച്ച്.സി സുനിൽ കുമാർ എം.ടി, ശുചിത്വ മിഷൻ RP അനിഷ.കെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിത്യ രശ്മി, തുടങ്ങിയവർ നേതൃത്വം നൽകി.
ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗൺ ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഒക്ടോബർ 2 വരെ നീളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന ശുചിത്വ, മാലിന്യ സംസ്കരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ചട്ടുകപ്പാറ ടൗണിൽ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള വെള്ളുവയൽ ജംഗ്ഷൻ വരെയുള്ള പ്രദേശമാണ് ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനായി പദ്ധതി പ്രദേശത്ത് ബെയ്സ്‌ലൈൻ സർവേ നടത്തുന്നതാണ് ആദ്യപടി. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമ്മപദ്ധതി തയ്യാറാക്കും.
മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധമുള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതുശുചിമുറികൾ പ്രവർത്തനക്ഷമമാക്കൽ, മാലിന്യശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തൽ, അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിക്കും.പഞ്ചായത്ത് പത്ത് ടൗണിലും ഗ്രീൻ വിജിലൻസ് ടീമിനെ കൂടി രൂപീകരിക്കുന്നുണ്ട്. ബീക്കൺ ടൗൺ പദ്ധതിയുടെ അടിസ്ഥാനത്തിൽ ശുചിത്വ നിലവാരം വിലയിരുത്താൻ മൂല്യനിർണയ സംവിധാനം ഏർപ്പെടുത്തും.
