ഇടുക്കി :- കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ദേവികുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വട്ടവട മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മഴ വൈകിട്ട് 5 വരെ നീണ്ടുനിന്നു. വൈകുന്നേരം 3 മണിക്ക് മഴ ശക്തമായപ്പോഴാണ് അപകടമുണ്ടായത്. വേനൽമഴ ചതിച്ചതിനെത്തുടർന്ന് വട്ടവടയിൽ കഴിഞ്ഞ മേയ് മാസം കൃഷിയിറക്കിയ പച്ചക്കറികൾ പൂർണമായി ഉണങ്ങി നശിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ മഴ ലഭിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ കൃഷിയിടങ്ങൾ ഒരുക്കാനാരംഭിച്ചത്.
കൃഷിയിടം ഒരുക്കുന്നതിനിടയിൽ മഴ കനത്ത സമയത്താണ് കൃഷിയിടത്തിലായിരുന്ന ബാലകൃഷ്ണനും ഭാര്യ മാരിയമ്മയും അയൽവാസി ചിന്നമ്മാളും ഓടി കൃഷിയിടത്തിലെ ഷെഡിൽ കയറിയിരുന്നത്. കനത്ത മഴ തുടരുന്നതിനിടയിലാണ് മുകൾ ഭാഗത്തുനിന്നു മണ്ണും കല്ലുകളും ഒഴുകിയെത്തി ഷെഡിനു മുകളിൽ പതിച്ചത്. പാതി മണ്ണിനടിയിൽ പുതഞ്ഞുപോയ മാരിയമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്.
