മയ്യിൽ:-ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ "ആർദ്രം" ആംബുലൻസ് വാങ്ങുന്നതിനുള്ള ഫണ്ട് ശേഖരണത്തിനിടയിൽ വേറിട്ട ഒരു അനുഭവം. ആംബുലൻസ് വാങ്ങാൻ വടക്കെ മലബാറിന്റെ കൺകണ്ട ദൈവമായ മുത്തപ്പനും സംഭാവന നൽകിയത് മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായി മാറി.
മുല്ലക്കൊടി പലാത്തിൽ കെ. ലീലയുടെ മകൻ കെ. മനോജിന്റെയും സി.പി. അനിലയുടെയും ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചാണ് സംഭാവന നൽകാൻ ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവർത്തകർ എത്തുമ്പോൾ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഇറങ്ങുന്ന സമയമായിരുന്നു.
ഈ കാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം മനസ്സിലാക്കിയ മുത്തപ്പൻ, ഡിവൈഎഫ്ഐ പ്രവർത്തകരെ മാടിവിളിക്കുകയായിരുന്നു. "ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണ് എല്ലാം" എന്ന് അനുഗ്രഹിച്ചുകൊണ്ട്, അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും മുത്തപ്പൻ പ്രവർത്തകർക്ക് കൈമാറി.
ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം തുക ഏറ്റുവാങ്ങി. പ്രസിഡന്റ് ജിതിൻ കെ.സി., മേഖല സെക്രട്ടറി അർജുൻ കയരളം, മുല്ലക്കൊടി ബ്രാഞ്ച് സെക്രട്ടറി കെ. ഉത്തമൻ, റിതിൻ രാജ്, സൗമ്യ, കെ. ദാമോദരൻ, കെ.വി. സുധാകരൻ, കെ. ശ്രീനന്ദന, പി. നന്ദന, അഖിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
