വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് ; അഭിമാനമായി 'MSC ബെറിൽ'


തിരുവനന്തപുരം :- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. 'MSC ബെറിൽ' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്.

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നനറുകൾ കൊച്ചിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് ഉൾപ്പടെയാണ്. വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ 'പോർട്ട് ഓഫ് സയൻസ്' തുറമുഖത്ത് മാത്രമായിരിക്കും അടുക്കുക. അവിടെനിന്നും വലൻസിയയിൽ നങ്കൂരമിടും.

ഇത് വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു ചുവടുവയ്പ്പാണെന്ന് അധികൃതർ പറയുന്നു. സാധാരണയായി കേരളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം വേണ്ടിവരാറുള്ള സ്ഥാനത്താണ് വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നത്. ഇത് വലിയ സമയലാഭവും സാമ്പത്തിക ലാഭവുമാണ് തുറമുഖത്തിലൂടെ വാണിജ്യ മേഖലയ്ക്ക് നൽകുന്നത്.



Previous Post Next Post