വീടിനായി തറകെട്ടിയ 30 സെന്റ് സ്ഥലം നഷ്ടമായി ; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി


വയനാട് :- വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി. ചൂരൽമല സ്വദേശി വിജിയുടെ വീടിനായി തറകെട്ടിയ 30 സെന്റ് സ്ഥലമാണ് നഷ്‌ടമായത്. നിരന്തരം ഓഫീസുകൾ കയറി ഇറങ്ങിയിട്ടും പരിഹാരമായില്ലെന്നാണ് വിജി പറയുന്നത്. മൈസൂരുവിൽ ബേക്കറി ബിസിനസ് നടത്തുകയാണ് ചൂരൽമല സ്വദേശി വിജി. നാട്ടിലെത്തുമ്പോൾ മേപ്പാടി കോഞ്ഞാംക്കുളത്തെ തറവാട്ട് വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് വെക്കാനാണ് ചൂരൽമല വെള്ളാർമല സ്കൂളിന് സമീപം പടവെട്ടിക്കുന്ന് റോഡിൽ അഞ്ച് വർഷം മുൻപ് 15 സെൻ്റ് സ്ഥലം വാങ്ങുന്നത്.

പിന്നീട് ഒരു പതിനഞ്ചു സെന്റ് കൂടി വാങ്ങി 30 സെന്റ് സ്ഥലത്ത് വീടിനായുള്ള തറയും കിണറും പണിതു. എന്നാൽ ഉരുൾപ്പൊട്ടൽ ദുരന്തം വിജിയുടെ സ്വപ്‌നങ്ങളെ കവർന്നു. ദുരന്തത്തിന് ശേഷം പണിയുന്ന പടവെട്ടിക്കുന്നിലേക്കുള്ള ഈ റോഡ് വിജിയുടെ റെഡ് സോണിൽപ്പെട്ട സ്ഥലത്ത് കൂടിയാണ് കടന്നുപോകുന്നത്. എന്നാൽ ഇതുവരെ നഷ്ട‌പരിഹാരം സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ല. നഷ്ട‌പരിഹാരം എത്രയും വേഗം ലഭ്യമാക്കുകയോ ടൗൺഷിപ്പിൽ ഒരു വീട് നൽകുകയോ ചെയ്യണമന്നാണ് വിജിയുടെ ആവശ്യം.

Previous Post Next Post