ചെങ്ങളായിൽ റോഡരികിൽ മാലിന്യം തള്ളിയയാൾക്ക് 5,000 രൂപ പിഴ ചുമത്തി

 


​ചെങ്ങളായി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഗ്രാമപഞ്ചായത്ത് അധികൃതർ 5,000 രൂപ പിഴ ഈടാക്കി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കൊളത്തൂർ അമ്മന്തലയിലെ ആളൊഴിഞ്ഞ പറമ്പിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഗാർഹിക മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരുന്നത്.

​മാലിന്യം തള്ളിയ സംഭവത്തിൽ നടുവിൽ സ്വദേശിനിയായ യുവതിക്കെതിരെ പഞ്ചായത്ത് രാജ് നിയമപ്രകാരം നടപടി സ്വീകരിച്ചു. ഇവരിൽനിന്ന് 5,000 രൂപ പിഴ ഈടാക്കുകയും നിക്ഷേപിച്ച മാലിന്യങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യിക്കുകയും ചെയ്തു.

​പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി താഹിറ യു.പി., ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി, എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ സിജുൽ, സ്ക്വാഡ് അംഗങ്ങളായ പി.വി. രാജേഷ്, പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

​മാലിന്യങ്ങൾ തരംതിരിച്ച് യഥാവിധി സംസ്കരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ വ്യാപകമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Previous Post Next Post