മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ അങ്കണവാടികൾ ആരംഭിച്ച് 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ, ശിശുവികസനവും അങ്കണവാടികളുടെ നവീകരണവും ലക്ഷ്യമിട്ട് ‘അങ്കണവാടി @50 - അങ്കണ തണൽ’ എന്ന പേരിൽ മാതൃകാപരമായ പദ്ധതി ആവിഷ്കരിക്കുകയാണ് മയ്യിൽ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് മയ്യിൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.
ആറു വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വികാസം ഉറപ്പാക്കുന്നതിനും ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒരു അംഗൻവാടികളുടെയും പോരായ്മകൾ കണ്ടെത്തി വികസനം നടപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടുവർഷത്തിനകം അങ്കണവാടികളുടെ അടിസ്ഥാനസൗകര്യം പൂർണ്ണമായും മെച്ചപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണ് രൂപപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ പറഞ്ഞു
ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 29 അങ്കണവാടികൾ, ഒരു ശിശു മന്ദിരം, ഒരു ബഡ്സ് സ്കൂൾ എന്നിവയെ ഘട്ടംഘട്ടമായി ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവര ശേഖരണം, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അങ്കണവാടികളുടെ സൗന്ദര്യവത്കരണം, പോഷകാഹാര ബോധവത്കരണം, ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം, കൗമാര വിദ്യാഭ്യാസ പരിപാടികൾ, ബാലസൗഹൃദ ഗ്രാമസഭ, പൂർവ്വ വിദ്യാർത്ഥി സംഗമം, വിവിധ മേളകൾ തുടങ്ങി ഒട്ടേറെ പരിപാടികൾ നടപ്പിലാക്കും. അക്കാദമിക് രംഗത്ത് വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക ശ്രദ്ധ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ, വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമേശൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ, സെക്രട്ടറി ഷാജി, ICDS സൂപ്പർവൈസർ ധന്യ എന്നിവർ പങ്കെടുത്തു.
