കോഴിക്കോട്:- കൂടരഞ്ഞി - കക്കാടംപൊയിൽ പാതയിൽ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാറാട് വാട്ടർ ടാങ്കിനു സമീപം അണ്ടത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അരുൺ, സൂരജ്, ആദർശ്, മിഥുൻ, അമിത്ത്, ആകാശ്, അഷ്റഫ് എന്നിവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

