തൃശൂർ :- തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടും കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെടുത്തിരിക്കുകയാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് അധികൃതർ. തീവ്രതയേറിയ ഹൈ വോൾട്ടേജ് ലൈറ്റ് ഉപയോഗിച്ച് കുട്ടത്തോടെ മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യലഭ്യത കുറയുമെന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി.
മീൻ ലേലം ചെയ്ത തുകയും പിഴയുമടക്കം 9,34,500 രൂപയാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്. തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ് രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറബിൽ വീട്ടിൽ നിബിൻ്റെ ഉടമസ്ഥതയിലുള്ള ക്യുൻ ഓഫ് റോസസ്, എറണാകുളം ജില്ലയിൽ കുഞ്ഞിത്തൈ സ്വദേശി തുണ്ടത്തിൽ വീട്ടിൽ അനിൽ ദേവിന്റെ ഉടമസ്ഥതിയിലുള്ള സ്റ്റെല്ല മേരിസ് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.
കടലിൽ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. 12 വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3255 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടിത്തം നടത്തിയിരുന്നത്. ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും പരിശോധനയും നടപടികളും കർശനമാക്കാൻ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിർദേശം നൽകിയിരുന്നു. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
പരിശോധനയിൽ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽ ഇ ഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു. സ്റ്റെല്ല മേരിസ് ബോട്ടിൽ 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്
