ലഹരിക്കെതിരെ കായിക ലഹരി: മയ്യിലിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

 


​മയ്യിൽ: ലെഫ്റ്റനൻ്റ് കേണൽ ജി.വി. രാജയുടെ (പി.ആർ. ഗോദവർമ രാജ) ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ, കണ്ണൂർ എക്സൈസ്, മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് എന്നിവയുമായി സഹകരിച്ച് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. 'ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശമുയർത്തി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്.

​പരിപാടി ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ. പി.കെ. ജഗന്നാഥൻ മുഖ്യാതിഥിയായിരുന്നു. എം.വി. അബ്ദുള്ള, രാജു പപ്പാസ്, ആർ. അജയൻ, ഒ.എം. അജിത്ത് മാസ്റ്റർ, പി.എ. ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു.

​തുടർന്ന് നടന്ന മത്സരത്തിൽ കണ്ണൂർ എക്സൈസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ വിജയികളായി. മത്സരത്തിൽ 5 വിക്കറ്റ് വീഴ്ത്തിയ പവർ ക്രിക്കറ്റ് ക്ലബിൻ്റെ കെ. ഷാജിയെ 'മാൻ ഓഫ് ദി മാച്ച്' ആയി തെരഞ്ഞെടുത്തു. 47 പന്തിൽ 78 റൺസ് എടുത്ത് പുറത്താകാതെ നിന്ന പവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇ.വി. നൈജുവാണ് ടോപ് സ്കോറർ.

​ചടങ്ങിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം.വി. അഷ്റഫ് സ്വാഗതവും ഇ.വി. നൈജു നന്ദിയും പറഞ്ഞു.

Previous Post Next Post