എൽ നിനോ വില്ലനാകുന്നു ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്‌ധരുടെ മുന്നറിയിപ്പ്


എൽ നിനോ കരുത്താർജിക്കുന്നതോടെ ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്‌ധരുടെ മുന്നറിയിപ്പ്. കാപ്പി, പാമോയിൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. യുദ്ധം മൂലം വിതരണ ശൃംഖല തകർന്നിരിക്കുന്ന ഈ സമയത്ത് എൽ നിനോ കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ട‌ിക്കുക. ഈ വർഷം അവസാനത്തോടെ എൽ നിനോ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം.

വളത്തിന്റെ ക്ഷാമം, മോശം വിളവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ നേരിടാൻ ശേഷി കുറവായതിനാൽ വികസ്വര രാജ്യങ്ങളെയാകും ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. കിഴക്കൻ, ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ എൽ നിനോ പ്രാദേശികമായി വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമാകും. പസഫിക് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വർധിക്കുന്ന കാലാവസ്ഥാ മാറ്റമാണ് എൽ നിനോ. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊടും വരൾച്ചയും കിഴക്കൻ ആഫ്രിക്കയിൽ പ്രളയവും ലോകമെമ്പാടും കടുത്ത ചൂടും ഇത് സമ്മാനിക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കാപ്പി, പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ എൽ നിനോ വലിയ രീതിയിൽ ബാധിക്കും.

ലോകത്തെ പ്രധാന കാപ്പി ഉൽപ്പാദകരായ ബ്രസീലിലും വിയറ്റ്നാമിലും മധ്യ അമേരിക്കയിലും മഴയുടെ ലഭ്യതയിൽ വലിയ മാറ്റങ്ങളുണ്ടാകും. പാമോയിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്തൊനീഷ്യ ഇതിനോടകം തന്നെ എൽ നിനോയുമായി ബന്ധപ്പെട്ട വരൾച്ചയുടെ പിടിയിലാണ്. ഇവിടെ മഴ ലഭിക്കേണ്ട സമയത്ത് കൊടും വരൾച്ചയും കാട്ടുതീയുമാണ് അനുഭവപ്പെടുന്നത്. 2015-16 കാലഘട്ടത്തിലുണ്ടായ സൂപ്പർ എൽ നിനോ സമയത്തെ കാട്ടുതീയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്തൊനീഷ്യയിൽ ഇപ്പോഴുള്ളത്. ഇത് പാമോയിൽ ഉൽപ്പാദനത്തെ സാരമായി ബാധിക്കും. പാമോയിലിന് ക്ഷാമം നേരിടുന്നത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മറ്റ് ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. സ്വന്തമായി മികച്ച കാർഷിക ഉൽപ്പാദനം ഉള്ളതിനാൽ അമേരിക്കയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെങ്കിലും, 2026-2027 കാലഘട്ടത്തിൽ അവിടെയും ഇത്തരം ഉൽപ്പന്നങ്ങൾക്ക് വില കൂടും.

പ്രതിസന്ധി ഇരട്ടിയാക്കി യുദ്ധങ്ങളും

യുദ്ധങ്ങളും വ്യാപാര നിയന്ത്രണങ്ങളും എൽ നിനോയും ചേരുന്നതോടെ ആഗോള തലത്തിൽ ഭക്ഷ്യവിലകൾ കുതിച്ചുയരുകയാണെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ ചീഫ് ഇക്കണോമിസ്റ്റ് മാക്സ‌ിമോ ടൊറേറോ പറയുന്നു. ഇറാൻ- ഇസ്രയേൽ- യുഎസ് സംഘർഷങ്ങൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനൊപ്പം രാസവളങ്ങളുടെ വിതരണത്തെയും ബാധിക്കുന്നുണ്ട്. അമേരിക്കയും മറ്റ് രാജ്യങ്ങളും ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്ത്യയുടെ അരിയും ഓസ്ട്രേലിയയുടെ ഗോതമ്പും

എൽ നിനോ ഇതിനോടകം തന്നെ ഭക്ഷ്യോൽപ്പാദനത്തിൽ വലിയ ഇടിവ് വരുത്തിയിട്ടുണ്ട്. മഴ കുറഞ്ഞത് ഇന്ത്യയിലെ നെൽകൃഷിയെ സാരമായി ബാധിച്ചു. ചൂടും വരൾച്ചയും കാരണം ഓസ്ട്രേലിയയുടെ ഗോതമ്പ് ഉൽപ്പാദനവും കുറയുമെന്നാണ് കണക്കുകൂട്ടൽ. ആഭ്യന്തര ഭക്ഷ്യസുരക്ഷയെ കരുതി ഇന്ത്യ അരി കയറ്റുമതി നിയന്ത്രിച്ചാൽ ആഗോള വിപണിയിൽ അരിവില കുത്തനെ ഉയരും. എൽ നിനോ വന്ന് മാസങ്ങൾക്ക് ശേഷമായിരിക്കും പലപ്പോഴും ഭക്ഷ്യവിലകളിൽ മാറ്റം പ്രകടമാകുക . പാമോയിൽ, വെളിച്ചെണ്ണ, കാപ്പി തുടങ്ങിയ ഉഷ്ണമേഖലാ ഉൽപ്പന്നങ്ങൾക്കാണ് വില ഏറ്റവും കൂടുതൽ വർധിക്കുക. വികസിത രാജ്യങ്ങളെ കാലാവസ്ഥാ മാറ്റം കാര്യമായി ബാധിക്കാത്തതിനാൽ ആഗോളതലത്തിൽ ധാന്യവിളകളുടെ വിലയെ എൽ നിനോ കാര്യമായി ബാധിക്കാറില്ല.

Previous Post Next Post