തളിപ്പറമ്പ് മണ്ഡലത്തിൽ വികസന മുന്നേറ്റം ; ഇൻവെസ്റ്റ്‌മെന്റ് മീറ്റും വികസന സെമിനാറുകളും സംഘടിപ്പിക്കും


തളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വികസനവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് മണ്ഡലത്തിൽ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ആലോചനായോഗം ചേർന്നു. ​മണ്ഡലത്തിന്റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് മീറ്റ്, പഞ്ചായത്ത് തല വികസന സെമിനാറുകൾ, ജനസമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.  

​മണ്ഡലത്തിലെ പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും വ്യവസായ-ടൂറിസം-കാർഷിക-ആരോഗ്യ-സ്‌പോർട്‌സ് മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുമായി ഇൻവെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കും. ​പ്രാദേശിക നിക്ഷേപകരുടെയും വ്യവസായികളുടെയും പട്ടിക തയ്യാറാക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കുകയും ചെയ്യും. ​വ്യവസായ ആവശ്യങ്ങൾക്കായി സമർപ്പിച്ച് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അടിയന്തരമായി തീരുമാനമെടുക്കാനും നിയമ തടസ്സങ്ങളുള്ളവ എം.എൽ.എ. തലത്തിലോ സർക്കാർ തലത്തിലോ പരിഹരിക്കാനും നടപടി സ്വീകരിക്കും.  

​തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ വികസന സെമിനാറുകൾ സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സെമിനാറുകളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-വ്യാപാരി പ്രതിനിധികൾ പങ്കാളികളാകും. ​അനുയോജ്യമായ കരട് പദ്ധതി രേഖകൾ (DPR) സെമിനാറുകളിൽ അവതരിപ്പിക്കുകയും സർക്കാരിലേക്ക് സമർപ്പിക്കുന്നതിനായി എം.എൽ.എ.ക്ക് കൈമാറുകയും ചെയ്യും.  

​വരുന്ന ജനുവരി മാസത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും എം.എൽ.എ.യുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്തും. ​ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനും ഇത് വഴിയൊരുക്കും. ​യോഗത്തിൽ അവതരിപ്പിച്ച പദ്ധതികൾക്കും ഇൻവെസ്റ്റ്‌മെന്റ് മീറ്റിനും പൂർണ്ണ പിന്തുണ നൽകുമെന്ന് പങ്കെടുത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുനൽകി.

​യോഗത്തിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ, ആന്തൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എടക്കാട് ബ്ലോക്കിനെ പ്രതിനിധീകരിച്ച് ജോയിന്റ് ബി.ഡി.ഒ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഒഴികെയുള്ള ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്-മുൻസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയ പ്രമുഖ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Previous Post Next Post