നെടുമ്പാശേരി അപകടം ; പ്രതികൾക്ക് പോലീസ് കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാഗം, ജീവൻപൊളിഞ്ഞവർക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ


കൊച്ചി :- നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവൻ, നിനവ്, ജോയൽ, അമീർ എന്നിവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡിയെ പ്രതിഭാഗം എതിർത്തു. അപകടത്തെ ന്യായീകരിക്കുന്നില്ലെന്ന് അങ്കമാലി കോടതിയിൽ പ്രതിഭാഗം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട സ്‌കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും, ഇതും ദുരന്തത്തിന്റെ ആഘാതം കൂട്ടാൻ കാരണമായെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ കസ്റ്റഡി ആവശ്യമില്ലാത്തതിനാൽ പൊലീസിന്റെ അപേക്ഷ തള്ളണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പൊലീസ് പറയുമ്പോഴും അതിന് തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഗൂഢാലോചനക്ക് തെളിവുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം. കാറിൽ ഒരുമിച്ച് യാത്ര ചെയ്തു എന്നത് ഗൂഢാലോചനക്ക് തെളിവല്ലെന്നും ഗൂഢാലോചനക്ക് തെളിവില്ലാത്തതിനാൽ പ്രതികളെ കസ്റ്റഡിയിൽ നൽകരുതെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ, അപകടം മാധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും മാധ്യമങ്ങളെ തൃപ്‌തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 18 വയസ്സ് കഴിഞ്ഞവരാണ് പ്രതികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തവരല്ല അവരെന്നും പ്രതികളുടെ പ്രായം കുറവാണെന്ന വാദത്തെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തിൽ മരിച്ചവരും സമാന പ്രായക്കാരാണെന്നും അവർക്കും സ്വ‌പ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച പ്രോസിക്യൂഷൻ, പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. കേസിൽ വിധി ഉച്ചയ്ക്ക് ശേഷം പറയാമെന്ന് കോടതി വ്യക്തമാക്കി.

Previous Post Next Post