ചെക്കിക്കുളം :- ഞായറാഴ്ച പുലരുമ്പോൾ ചെക്കിക്കുളം ടൗണിൽ അലസതയുടെ കാഴ്ചകളില്ല. പകരം കാണാനാവുക കൈകളിൽ ചൂലും ചാക്കുകളുമായി നാടിന്റെ ശുചിത്വത്തിനായി ഒന്നിച്ചിറങ്ങുന്ന ഒരുപറ്റം മനുഷ്യരെയാണ്. 'ടീം ക്ലീൻ ചെക്കിക്കുളം' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി മുടങ്ങാതെ തുടരുന്ന ഈ ജനകീയ ഇടപെടൽ ചെക്കിക്കുളത്തിന് ശുചിത്വശീലവും മാതൃകയുമായി മാറിയിരിക്കുകയാണ്. ഞായറാഴ്ചകളിൽ രാവിലെ 6.30 ഓടെ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും.
ടൗണിലും പരിസരങ്ങളിലും വഴിയോരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം പൊതുഇടങ്ങൾ വൃത്തിയായി സംരക്ഷിക്കാനും സംഘം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. CPIM ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ചെയർമാനും കെ.പി രാജീവൻ കൺവീനറുമായ 16 അംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റിട്ടയർ ചെയ്ത അധ്യാപകർ, വിവിധ ഉയർന്ന തസ്തികകളിൽ നിന്ന് വിരമിച്ചവർ, നിലവിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ കൂട്ടായ്മയിൽ സജീവമായി പങ്കാളികളാണ്.
ശുചിത്വം എന്നത് സർക്കാർ സംവിധാനങ്ങളുടെ മാത്രം ചുമതലയല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നുമുള്ള വലിയ സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്. ഒരു ദിവസത്തെ പ്രതീകാത്മക ശുചീകരണത്തിൽ ഒതുങ്ങാതെ തുടർച്ചയായ ഇടപെടലുകളിലൂടെ മാറ്റം കൊണ്ടുവരാൻ ടീമിന് സാധിച്ചു. കടകളുടെയും വഴിയോരങ്ങളുടെയും പരിസരം വൃത്തിയാക്കുന്നതിനൊപ്പം ജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ഉറപ്പാക്കാനും ഇവർക്കായി. ഇക്കഴിഞ്ഞ ഒരു വർഷത്തെ വിജയിച്ച അനുഭവത്തോടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 'ടീം ക്ലീൻ ചെക്കിക്കുളം'.
