കണ്ണൂർ:-കണ്ണൂർ തലശ്ശേരി റൂട്ടിൽ കൊടുവള്ളി ബസ്സ്റ്റോപ്പിന് സമീപം റോഡ് തകർന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ്, നാഷണൽ ഹൈവെ അതോറിറ്റി, ജലഅതോറിറ്റി എന്നീ വകുപ്പുകൾ സംയുക്തമായി ചേർന്ന് റോഡിൻ്റെ തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ നിർദ്ദേശം നൽകി. നേരെയുള്ളതും പരന്നതുമായ ഈ റൂട്ടിൽ വാഹന സാന്ദ്രതയും വേഗതയും കുടുതലാണെന്നും റോഡ് അമർന്നുണ്ടായ കുഴികളാണ് അപകട കാരണമെന്നും കൗൺസിൽ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കൗൺസിലിൻ്റെ നിർദ്ദേശം.
ജില്ലയിലെ ദേശീയ പാതയ്ക്ക് കുറുകെയുള്ള എല്ലാ അടിപ്പാതകളിലെയും അപകടസാധ്യത പൊതുവായി പരിഗണിച്ച് അവ പരിഹരിക്കുന്നതിന് പ്രൊജക്ട് ഡയരക്ടർക്ക് പൊതു നിർദ്ദേശം നൽകാനും കൗൺസിൽ തീരുമാനിച്ചു. ചിറക്കുനി അടിപ്പാത ജംഗഷൻ അപകടമേഖല സംബന്ധിച്ച അവലോകനത്തിനിടെയാണ് തീരുമാനം. റിമ്പിൾ സ്ട്രിപ്പിൻ്റെ ഉയരം കൂട്ടുക, കോൺവെക്സ് ട്രാഫിക് സേഫ്റ്റി മിറർ സ്ഥാപിക്കുക, എന്നീ നിർദ്ദേശങ്ങളാണ് പൊതുവായി നൽകേണ്ടതെന്നും കൗൺസിലിൽ തീരുമാനമായി.
മയ്യിൽ ഇരിക്കൂർ റോഡിൽ പാവന്നൂർ മൊട്ടയിലെ അപകടസാധ്യത പരിഹരിക്കുന്നതിൻ്റെ ഭാഗമായി റോഡിനിരുവശത്തേയും കുറ്റിക്കാടും വള്ളിപടർപ്പുകളും വൃത്തിയാക്കാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും പഞ്ചായത്ത് ഭരണസമിതിക്കും തഹസിൽദാർക്കും നിർദ്ദേശം നൽകാൻ യോഗത്തിൽ ധാരണയായി. ഈ റോഡിൻ്റെ പ്രവൃത്തികൾ പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പ്രതിനിധിയോഗത്തെ അറിയിച്ചു. റോഡരികിലെ കാടുകൾ വെട്ടിമാറ്റൽ, മുന്നറി യിപ്പ് ബോർഡുകൾ പുനസ്ഥാപിക്കൽ, വളവുകൾക്ക് തൊട്ട് മുമ്പ് വേഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കൽ, അപകടസാധ്യതയുള്ള വശങ്ങളിൽ സ്റ്റീൽ ക്രാഷ് ബാരിയർ സ്ഥാപിക്കൽ എന്നീ പരിഹാരനിർദ്ദേശങ്ങളാണ് യോഗം മുന്നോട്ട് വച്ചത്.
കണ്ണൂർ നഗരത്തിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മഴമാറിയാൽ അവ വരച്ച് ചേർക്കുമെന്നും പൊതുമരാ മത്ത് റോഡ്സ് വിഭാഗം യോഗത്തെ അറിയിച്ചു നഗരത്തി കാൽനടക്കാരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായായിരുന്നു ഇത്. നഗര ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പാർക്കിംഗിനുള്ള ഇടങ്ങൾ സംബന്ധിച്ച് മേപ്പിംഗ് നടത്തി സ്ഥലങ്ങള കണ്ടെത്താൻ കണ്ണൂർ തഹസിൽദാർ , ആർ ടി ഒ , ടൗൺ എസ് ഐ എന്നിവർക്ക് യോഗം നിർദ്ദേശം നൽകി.
ശ്രീകണ്ഠപുരത്തെ കോട്ടൂർ വയൽ ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവായ സാഹചര്യത്തിൽ സംഗമിക്കുന്ന മൂന്ന് റോഡുകളിലും റമ്പിൾ സ്ട്രിപ് സ്ഥാപിക്കുക, കാൽ നടക്കാർക്ക് മുറിച്ച് കടക്കാനുള്ള സൗകര്യമൊരുക്കുക, ഗ്ലോലൈറ്റ്മാർക്കിംഗ്, മുന്നറിയിപ്പ് ലൈറ്റ്, റൗണ്ട് എബൗട്ട് എന്നിവ സ്ഥാപിക്കുക എന്നീ നിർദ്ദേശങ്ങൾ യോഗത്തിലുയർന്നു. ഇതെല്ലാം റണ്ണിംഗ് കോൺട്രാക്റ്റിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യറാക്കി പ്രവൃത്തി തുടങ്ങാൻ പൊതുമരാ മത്ത് വകുപ്പിന് യോഗം നിർദ്ദേശം നൽകി.
തലശ്ശേരി പെട്ടിപ്പാലം അപകടമേഖലയിൽ സൈൻ ബോർഡുകൾസ്ഥാപിക്കാൻ നഗരസഭയുടെ സഹായം തേടാനും ഇതിനായി പ്രത്യേക ബഡ്ജ് വകയിരുത്തി അനുമതി വാങ്ങാനും പൊതുമരാമത്ത് വകുപ്പിന് യോഗം നിർദ്ദേശം നൽകി.
മുൻയോഗ തീരുമാനങ്ങളിൽ അമ്പത് ശതമാനത്തിലേറെ നടപടികൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ജില്ലാ കലക്ടർ പി.വിഷ്ണു രാജ് അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറിയും എൻഫോഴ്സ്മെൻ്റ് ആർ ടി ഒ യുമായ പി പി രാജൻ, എം വി ഐ മാരായ സി എൻ പത്മരാജൻ, എസ് ബിജോയ്, ധനീഷ് കുമാർ ബെൻജോസ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
