ശക്തമായ ഇടിമിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്


കോഴിക്കോട് :- കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. അടുക്കളയിൽ പാൽപാത്രം എടുക്കാനായി പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീത (60) യ്ക്ക് പരിക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.

കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവൻ്റെ വീട് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിൻ്റെ ചുമർ തകർന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തിൽ ഭൂമി കുഴിഞ്ഞ് ഗർത്തം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ വയറിങ് കത്തിനശിക്കുകയും മോട്ടോർ കത്തിപ്പോകുകയും ചെയ്തു. മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. ഫാൻ, ലൈറ്റുകൾ തുടങ്ങിയവ കേടായി. കെഎസ്ഇബി അധികൃതർ എത്തി വീടുകളിലേക്കുള്ള 2 വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈദ്യുതി വന്നാൽ മാത്രമേ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയുകയുള്ളൂ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ ഹിതേഷ്കുമാർ അപകടമുണ്ടായ വീടുകൾ സന്ദർശിച്ചു.

Previous Post Next Post