പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന മദ്രസാ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്


കൊല്ലം :- കടയ്ക്കലിൽ രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന മദ്രസാ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്. കടയ്ക്കൽ ഊന്നൻകല്ല് സ്വദേശിയായ 62 വയസ്സുള്ള ഇമ്പിച്ചിക്കോയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഏഴ് വയസ്സുള്ള അതിജീവിതയെ അശ്ലീല വീഡിയോ കാണിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേസ്. മദ്രസയിൽ പഠിക്കാൻ എത്തിയ എട്ടും, ഒൻപതും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ട് കേസുകളിലാണ് 62 കാരനായ ഇമ്പിച്ചിക്കോയ റിമാൻഡിൽ കഴിയുന്നത്. മദ്രസയിലെ കൂടുതൽ കുട്ടികൾക്ക് നേരെ അധ്യാപകനായ പ്രതി അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കുട്ടികളെ ചൈൽഡ് ലൈനിൻ്റെ സഹായത്തോടെ കൗൺസിലിംഗിന് വിധേയമാക്കി.

കൗൺസിലിംഗിലാണ് പ്രതി അശ്ലീല വീഡിയോ കാണിച്ചിട്ടുണ്ടെന്ന് ഏഴ് വയസ്സുള്ള അതിജീവിത മൊഴി നൽകിയത്. തുടർന്ന് പ്രതിക്കെതിരെ മൂന്നാമത്തെ പോക്സോ കേസും എടുത്തു. ആദ്യ രണ്ട് കേസുകളിൽ റിമാൻഡിൽ കഴിഞ്ഞു വന്ന പ്രതിയെ ജയിലിലെത്തിയാണ് മൂന്നാമത്തെ കേസിൽ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൂടുതൽ കുട്ടികൾക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

Previous Post Next Post