പഴങ്ങാടി പാലത്തിൽ ലോറി നിർത്തി ഡ്രൈവർ പുഴയിൽ ചാടിയെന്ന സംശയം: ആശങ്കൾക്കൊടുവിൽ ഡ്രൈവർ മംഗളൂരുവിൽ സുരക്ഷിതനായി കണ്ടെത്തി

 


.പഴയങ്ങാടി:- പഴയങ്ങാടി പാലത്തിൽ ചരക്ക് ലോറി നിർത്തിയിട്ട് ഡ്രൈവർ പുഴയിൽ ചാടിയെന്ന സംശയത്തെ തുടർന്ന് നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. ഡ്രൈവർ കുമാർ മംഗളൂരുവിലുള്ളതായി കണ്ടെത്തി.

ഇന്നലെ രാവിലെയാണ് കെഎസ്ടിപി റോഡിലെ പഴയങ്ങാടി പാലത്തിന് മുകളിൽ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും വാഹനം മാറ്റാത്തതിനെ തുടർന്ന് നാട്ടുകാർ കണ്ണപുരം, പഴയങ്ങാടി പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ താക്കോൽ, മൊബൈൽ ഫോൺ, പണമടങ്ങിയ പഴ്‌സ് എന്നിവ കണ്ടെത്തി. ഇതോടെയാണ് ഡ്രൈവർ പുഴയിൽ ചാടിയിരിക്കാമെന്ന അഭ്യൂഹം പരന്നത്. തുടർന്ന് അഗ്നിരക്ഷാസേന പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

അതിനിടെ ലോറി ഉടമയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും നടന്നു. ഒടുവിൽ ഉടമയുമായി സംസാരിച്ചപ്പോഴാണ് ഡ്രൈവർ കുമാർ മംഗളൂരുവിലെത്തിയതായി അറിയുന്നത്. ലോറി ഓടിച്ച് പാലത്തിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തി മംഗളൂരുവിലേക്ക് പോയതാണെന്നാണ് ലഭിച്ച വിവരം.

Previous Post Next Post