പരിയാരം മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു ; സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം


പരിയാരം :- പരിയാരം മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇരിട്ടി സ്വദേശി ഫാത്തിമയാണ് (47) മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായ വിവരം ഡോക്‌ടർമാർ ബന്ധുക്കളെ സമയബന്ധിതമായി അറിയിച്ചില്ലെന്ന് കാണിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെയായിരുന്നു ഫാത്തിമയുടെ ഹൃദയശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. 

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്‌ത ഡോക്ട‌ർ ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പ്രധാന ആരോപണം. വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച‌ പറ്റിയെന്നാണ് ആശുപത്രിയുടെ പ്രാഥമിക അന്വേഷണത്തിലെയും കണ്ടെത്തൽ. ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നുവെന്നും രോഗിയുടെ ജീവൻ രക്ഷിക്കാനാണ് പരമാവധി ശ്രമിച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ മരണകാരണത്തിലും ചികിത്സാപ്പിഴവിലും അന്തിമ വ്യക്തത വരൂ എന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post