കനത്ത മഴയിലും കാറ്റിലും കുറ്റ്യാട്ടൂർ -മയ്യിൽ - മലപ്പട്ടം ഭാഗങ്ങളിൽ നാശനഷ്ടം

 


കുറ്റ്യാട്ടൂർ:-ഇന്ന് വൈകീട്ട് നാലോടെ പെയ്ത കനത്ത മഴയിലും കാറ്റിലും കുറ്റ്യാട്ടൂർ -മയ്യിൽ ഭാഗങ്ങളിൽ  നാശനഷ്ടം. ശക്തമായ കാറ്റിൽ നിരവധി സ്ഥലങ്ങളിൽ വന്മരങ്ങൾ വേരോടെ കടപുഴകി വീണു.

മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. എട്ടേയാർ ഗ്രേഷ്യസ് സ്കൂളിന് സമീപം കൂറ്റൻ മരം പാതയിലേക്ക് കടപുഴകി വീണു. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വൈദ്യുതി ലൈനുകളിലേക്ക് മരങ്ങളും ചില്ലകളും വീണതിനെ തുടർന്ന് പലയിടങ്ങളിലും പോസ്റ്റുകൾ ഒടിഞ്ഞ് വീണിട്ടുണ്ട്. കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് തടസ്സങ്ങൾ നീക്കാനും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ന് വൈകീട്ടോടെ പെയ്ത ശക്തമായ വേനൽ മഴയിലും ഇടിമിന്നലിലും വീടിന് കേടുപാടുകൾ സംഭവിച്ചു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽപ്പെട്ട ചൂളിയാട് ചപ്പനക്കൊഴുമ്മലിലാണ് സംഭവം.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്കും വയറിംഗിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ലക്ഷ്മണൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി അനീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.




Previous Post Next Post