കൊളച്ചേരി ദേശത്തിന്റെ പെരുമലയനായി ടി വി രാമൻ പണിക്കർ ആചാരപ്പെടുന്നു


കൊളച്ചേരി :-
ഏറെ കാലമായി ഒഴിഞ്ഞുകിടക്കുന്ന കൊളച്ചേരി നാടിന്റെ 'പെരുമലയൻ' സ്ഥാനിക പദവിയിലേക്ക് ടി.വി രാമൻ പണിക്കരെ ആചാരപ്പെടുത്തുന്നു. കാലങ്ങളേറെയായി ഒഴിഞ്ഞു കിടക്കുന്ന പെരുമലയൻ പദവി രാമൻ പണിക്കർക്ക് ആചാരപ്പെടുത്തി നൽകാൻ കരുമാരത്ത് ഇല്ലത്ത് തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്  തീരുമാനിച്ചതോടെ ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 7.30 ന് കരുമാരത്തില്ലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് രാമൻ പണിക്കർ ഈ ദേശത്തിന്റെ പെരുമലയാനായി ആചാരപ്പെടും.പ്രസ്തുത ചടങ്ങിൽ കൊളച്ചേരി ദേശത്തെ ക്ഷേത്രസ്ഥാനികരും ക്ഷേത്രകമ്മറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുക്കും.

എഴുപത് വയസ്സ് പൂർത്തിയായ രാമൻ പണിക്കർ തന്റെ പന്ത്രണ്ടാം വയസ്സിലാണ് അനുഷ്ടാന കലയായ തെയ്യം കലാ രംഗത്ത് കടന്നുവരുന്നത്. പന്ത്രണ്ടാം വയസ്സിൽ ഗുളികൻ വെള്ളാട്ടം കെട്ടി ആരംഭം കുറിച്ച ഇദ്ദേഹം ഇതിനകം ആയിരത്തിലധികം തെയ്യ കോലം കെട്ടിയാടിയിട്ടുണ്ട്.

വളരെ ശ്രമകരവും തീവ്ര വ്രതനിഷ്ടയും മെയ്യ് വഴക്കവും ആവശ്യമുളള തീചാമുണ്ടി, അഗ്നി ഘണ്ഡ കർണ്ണൻ പോലുള്ള തെയ്യ കോലങ്ങൾ ഇദ്ദേഹം തികഞ്ഞ മെയ്യ് വഴക്കത്തോടെ  നിറഞ്ഞാടി  വിശ്വാസികളുടെ ഭക്തമനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.കൂടാതെ ഭൈരവൻ, ഗുളികൻ,വിഷ്ണുമൂർത്തി, പൊട്ടൻ തെയ്യം, കരിംകുട്ടിശാസ്തപ്പൻ, പൂക്കുട്ടി ശാസ്തപ്പൻ, ഉച്ചിട്ട ഭഗവതി. കരുവാർ ഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കഴിഞ്ഞ 55 വർഷത്തിലേറെയായി ഉത്തരകേരളത്തിലെ അഞ്ഞൂറോളം ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടിയിട്ടുണ്ട്.

ഫോക്‌ലോർ അക്കാദമിയുടെ 2020ലെ ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ ശ്രീ രാമൻ പണിക്കർ മികച്ച ഒരു തോറ്റം പാട്ട് കലാകാരൻ കൂടിയാണ്.തെയ്യച്ചടങ്ങുകളുടെ ആത്മാവായ തോറ്റംപാട്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുന്ന ഇദ്ദേഹം തോറ്റംകലാകാരൻ  എന്ന നിലയിലും സാംസ്കാരിക രംഗത്ത് ഏറെ പ്രശസ്തനാണ്.ആകാശവാണിയുടെ ഓഡിഷൻ ടെസ്റ്റ് പാസ്സായിട്ടുള്ള ഇദ്ദേഹം വർഷങ്ങളായി ആകാശവാണിയിൽ തോറ്റം പാട്ട് അവതരിപ്പിക്കാറുണ്ട്.

പൂജാധി കർമ്മങ്ങളിൽ മികച്ച പ്രാവിണ്യം നേടിയ ഇദ്ദേഹം സുദർശന ക്രീയകളും, ശാക്തേയ പൂജകളും അടക്കം നിരവധി പൂജാധി കർമ്മങ്ങൾ ഇദ്ദേഹം കാർമ്മികത്വം വഹിച്ചിട്ടുണ്ട്.തിരുനാവായയിൽ കഴിഞ്ഞ വർഷം നടന്ന കുംഭമേളയിൽ ഭൈരവപൂജ ചെയ്തത് ശ്രീ രാമൻ പണിക്കറുടെ കാർമ്മികത്വത്തിലായിരുന്നു.ഉത്തര കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും ശാസ്തപ്പൻ, ഗുളികൻ, ഭഗവതി പ്രതിഷ്ഠകളും ആചാരപ്രകാരം  രാമൻ പണിക്കർ നടത്തിയിട്ടുണ്ട്.

​തലമുറകളിലേക്ക് തെയ്യം കലയുടെ അറിവുകൾ പകർന്നുനൽകുന്ന രാമൻ പണിക്കർക്ക് നിരവധി ശിഷ്യ ഗണങ്ങളുമുണ്ട്.കൊളച്ചേരിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം KSEB യിൽ എഞ്ചിനീയർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കൊളച്ചേരി പെരുമലയനായി ആചാരപ്പെട്ട ശേഷം ടി.വി രാമൻ പണിക്കരെ  മിത്ര ചാരിറ്റബിൾ ട്രസ്റ്റ്   ശനിയാഴ്ച രാവിലെ 9.30 ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിക്കുന്നുണ്ട്. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂരാണ് ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  നാടൻ കലാ ഗവേഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.

രാമൻ പണിക്കറുടെ പെരുമലയനായുള്ള ആചാരപ്പെടൽ ഒരു ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കൊളച്ചേരി ദേശം.



Previous Post Next Post