കൊച്ചി :- പരീക്ഷാക്രമക്കേടിൽ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാരും വാദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നൽകിയ റിട്ട് ഹർജിയിലാണ് പിഎസ്സിക്കെതിരെയുള്ള വിമർശനം.
പിഎസ് സിക്കെതിരെ ഉയർന്നത് വളരെ ഗുരുതരമായ ആരോപണമാണ്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‌സി. ഗുരുതരമായ ആരോപണമാണ്. ഇതാണ് അഴിമതി എന്ന് പറയുന്നത്. ഇതൊരു വൻകിട അഴിമതിയാണ്. പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചു. നൂതനമായ തട്ടിപ്പാണിത്. എങ്ങനെയാണ് ക്ലറിക്കൽ മിസ്റ്റേക്ക് ആവുന്നതെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സർക്കാർ വാദിച്ചു.
പിഎസ്‌സി ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ല. 180ലേറെ പരാതികൾ പിഎസ്‌സിക്കെതിരെ ഉണ്ടെന്നും സർക്കാർ സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് പിഎസ്‌സിയോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ടും സഹകരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയെടുക്കണമെന്ന് സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള ധാർമ്മിക ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നോട്ടീസ് നൽകി ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകണം യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും ഇക്കാര്യം സർക്കാർ കണക്കിലെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
