'VIP ഡ്യൂട്ടിക്കിടെ പോലീസ് നിർദേശം ലംഘിച്ച് നിർത്താതെ പോയി' ; ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്


കോഴിക്കോട് :- കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. വിഐപി ഡ്യൂട്ടിക്കിടെ പൊലീസ് നിർദേശം ലംഘിച്ച് നിർത്താതെ പോയെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ എഫ്ഐആറിൽ ആരോപിക്കുന്നത്. ഈ മാസം 16 ന് കോഴിക്കോട് ഉപരാഷ്ട്രപതി വന്ന ദിവസമായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ ആളുമായി പോയ സന്നദ്ധസംഘടനയുടെ ആംബുലൻസ് ഡ്രൈവർ കാരശ്ശേരി സ്വദേശി ശിഹാബുദ്ദീനെതിരെയാണ് കേസ്.

രോഗിയുടെ ഗുരുതരാവസ്ഥ ആംബുലൻസ് തുറന്ന് പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നെന്ന് ഡ്രൈവറും ബന്ധുക്കളും പറയുന്നു. എന്നാൽ ഉപരാഷ്ട്രപതിക്ക് കടന്നുപോകുന്നത് വരെ പൊലീസ് ആംബുലൻസിനെ കടത്തിവിട്ടില്ല. വാഹനവ്യൂഹം പോയതിന് ശേഷവും ആംബുലൻസ് കടത്തിവിട്ടില്ല. ഇതോടെ ആംബുലൻസ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. പരിക്കേറ്റയാൾ മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായത്. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകിയെന്ന് ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.

Previous Post Next Post