മയ്യിൽ :-മയ്യിൽ പഞ്ചായത്തിനെ കാൻസർ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'സഞ്ജീവനി കാൻസർ നിയന്ത്രിത ഗ്രാമം' പദ്ധതി ഭാഗമായി സൗജന്യ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും നടത്തുന്നു. മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി.
ആദ്യഘട്ടത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നവംബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ വേളം പൊതുജന വായനശാലയിലാണ് ക്യാമ്പ് നടക്കുക.
സ്തനാർബുദം, ഗർഭാശയഗള അർബുദം, തൊലിപ്പുറത്തെയും വായിലെയും അർബുദങ്ങൾ എന്നിവയുടെ പ്രാഥമിക നിർണയവും മാമോഗ്രാം, പാപ് സ്മിയർ, അൾട്രാ സൗണ്ട് സ്കാൻ തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി ലഭിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. താൽപ്പര്യമുള്ളവർ 8075 409 758, 8281 226 744 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
