ശ്രീകണ്ഠപുരം വരെ ബോട്ട് സർവീസ് നീട്ടാൻ ആലോചന ; സാധ്യതാപഠനം ഉടൻ ആരംഭിക്കും, ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു


ശ്രീകണ്ഠപുരം :- വളപട്ടണം പുഴയിൽ ആരംഭിക്കുന്ന ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ട് സർവീസ് ശ്രീകണ്ഠപുരം വരെ നീട്ടുന്നതിനുള്ള സാധ്യതാപഠനം ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ യും ചെങ്ങളായി പഞ്ചായത്ത്‌, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ഭരണ സമിതികളും ആവശ്യപ്പെട്ടിരുന്നു. സർവീസ് വിപുലീകരണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

സർവീസ് വിപുലീകരണത്തിന് ആവശ്യമായ പഠനം നടത്തുക, ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുക, ബോട്ട് ജെട്ടികൾ നിർമിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ യോഗം നിർദേശം നൽകി. ശ്രീകണ്ഠപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ടൂറിസം ബോട്ടിങ്, കയാക്കിങ്, ബോട്ട് ക്ലബ്ബുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു.

യാത്രാസൗകര്യത്തിനപ്പുറം പുഴയോര സംരക്ഷണത്തിനും ടൂറിസം വികസനത്തിനും വഴിയൊരുക്കുന്ന പദ്ധതിയായി ഇത് മാറുമെന്നാണ് പ്രതീക്ഷ. ബോട്ട് സർവീസ് ശ്രീകണ്ഠപുരം വരെ നീളുന്നത് യാഥാർഥ്യമായാൽ പുഴയോരങ്ങളിലെ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനും പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ തുറക്കും.                                        

ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി രാമകൃഷ്ണൻ, ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി, ഇൻലാൻഡ് നാവിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. പുഷ്പലത, കെ.കെ. കൃഷ്ണൻ, സ്റ്റേഷൻ മാസ്റ്റർ എൻ.സി . അജയൻ, അസിസ്റ്റന്റ് എഞ്ചിനിയർ ബിജു പടിഞ്ഞാറേപ്പുരയിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Previous Post Next Post