മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിൽ കർശന നിയമം പരിഗണനയിൽ: രമേശ് ചെന്നിത്തല

 


ദുബൈ:-മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിൽ കർശന ശിക്ഷാ നിയമങ്ങൾ കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നതായി രമേശ് ചെന്നിത്തല. കേരളത്തിലെ റോഡുകളിൽ ഇത്തരം അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ദുബൈയിലെ കർശന നിയമങ്ങൾ മാതൃകയാക്കുന്നത്.

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥമുള്ള സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം ദുബൈയിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു, പാർലമെന്ററി രംഗങ്ങളിലെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

പ്രായത്തിലെ ഇളവ് മുതലെടുത്ത് കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനൈൽ നിയമത്തിൽ ഭേദഗതി അനിവാര്യമാണെന്ന് ഷാർജ പുസ്തകമേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അനുകൂല പ്രതികരണത്തിൽ സന്തോഷമുണ്ട്. പ്രവാസികൾക്കായുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏറ്റെടുക്കാൻ കമ്പനികൾ തയ്യാറാകാത്ത സാഹചര്യമുണ്ടെങ്കിലും സർക്കാർ പദ്ധതി കൈയൊഴിയില്ലെന്നും, എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പ്രശ്നപരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇതിനിടെ, രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ലോ കോളേജ് സഹപാഠിയായ അജയ് മേനോൻ രചിച്ച ‘രമേശ് ചെന്നിത്തല- ഓർമച്ചെപ്പിലെ ഏടുകൾ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് പുറത്തിറക്കിയത്. ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കാദ് അൽ ആംരി ആദ്യ പ്രതി ഏറ്റുവാങ്ങി.

Previous Post Next Post