തിരൂരങ്ങാടി:-ചെറുമുക്കിൽ 14 വയസ്സുകാരനായ ജുനൈദ് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. അപകടസ്ഥലം സന്ദർശിക്കാൻ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാർ വളയുകയും തടഞ്ഞുവെക്കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് രൂക്ഷമായ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.
അതേസമയം, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉത്തരവിട്ടു. കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണ് മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. "ഒരു ദിവസം ബില്ലടയ്ക്കാൻ മറന്നാൽ ഫ്യൂസൂരാൻ നല്ല ഉത്സാഹമാണല്ലോ, ഇത് മൂന്ന് വർഷമായില്ലേ ഇങ്ങനെ അപകടാവസ്ഥയിൽ കിടക്കുന്നത്? എന്ത് നടപടിയാണ് നിങ്ങൾ എടുത്തത്?" എന്ന് ഉദ്യോഗസ്ഥരോട് നാട്ടുകാർ രോഷത്തോടെ ചോദിച്ചു.
നാട്ടുകാർ കുളിക്കാനും മറ്റും ഇറങ്ങുന്ന പ്രദേശങ്ങളിൽ പോലും അലക്ഷ്യമായാണ് വൈദ്യുതി ലൈനുകൾ കൈകാര്യം ചെയ്യുന്നതെന്നും ആക്ഷേപമുയർന്നു. അപകടസമയത്ത് ജുനൈദിനൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടി ഉണ്ടായിരുന്നു. ഇവർ ട്രാക്ടറിൽ ആയതിനാലും ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് മറ്റ് മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാനായത്. ജുനൈദിനെ മറ്റു കുട്ടികൾ തൊട്ടിരുന്നെങ്കി വലിയൊരു ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
ഷോക്കേറ്റയുടൻ വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നെങ്കിൽ ജുനൈദിന്റെ ജീവൻ തിരികെ കിട്ടുമായിരുന്നുവെന്നും, പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നൽകിയപ്പോൾ കുട്ടി ചെറുതായി കണ്ണ് തുറന്നിരുന്നുവെന്നും ദൃക്സാക്ഷികൾ വേദനയോടെ. നാളെ ഒരു മത്സര പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
ജുനൈദിന്റെ ദാരുണ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. അപകടവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ലഭിച്ചിരുന്നോ എന്നും, അവയിൽ നടപടിയെടുക്കാൻ വൈകിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
