പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് നഴ്സറി(ഹിദായാത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം)സ്കൂളിന് സമീപത്തുള്ള റോഡരികിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവാകുന്നു. വാഹനങ്ങളിൽ എത്തുന്നവർ റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് പ്രദേശവാസികൾക്ക് വലിയ തലവേദനയായിരിക്കുന്നത്.
ഇന്ന് രാവിലെ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഐ.എൻ.സി വാരിയേഴ്സ് പ്രവർത്തകർക്കാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് വലിയ തോതിൽ മാലിന്യങ്ങൾ ലഭിച്ചത്. കുട്ടികളും മുതിർന്നവരും ഉപയോഗിച്ച പത്തിലധികം പാമ്പേഴ്സുകൾ, അടുക്കള മാലിന്യങ്ങൾ, പൊട്ടിയ പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് ശുചീകരണത്തിനിടെ കണ്ടെത്തിയത്.
കൊച്ചുകുട്ടികൾ പഠിക്കുന്ന നഴ്സറി സ്കൂളിന് തൊട്ടുമുന്നിലാണ് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ തള്ളുന്നത്. ദുർഗന്ധം കാരണം വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവർക്കും ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. തെരുവുനായ്ക്കളുടെ ശല്യം വർധിക്കാനും പകർച്ചവ്യാധികൾ പടരാനും ഇത് കാരണമാകുന്നുണ്ട്.
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതുവഴിയിൽ തള്ളി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സാമൂഹ്യബോധമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

