ആചാരസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ശാസ്ത്രബോധത്തിനെതിരായ കടന്നാക്രമണം:ടി.കെ.മീരാഭായ് 



മയ്യിൽ:ആർത്തവംഅശുദ്ധിയല്ലെന്നതാണ് ശാസ്ത്ര സത്യമെന്നും ആചാര സംരക്ഷണമെന്ന പേരിൽ നടക്കുന്ന പ്രശ്നങ്ങൾ  സാക്ഷര കേരളത്തിന് അപമാനമാണെന്നും ഇത് ശാസ്ത്ര ബോധത്തിനും ലിംഗനീതിക്കുമെതിരായ കടന്നാക്രമണമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടരി ടി കെ മീരാഭായ് പറഞ്ഞു.പരിഷത്ത് മയ്യിൽ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ഏറ്റവും കൂടുതൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം.ശരീരത്തിലൂടെ ഒഴുകുന്ന രക്തം തന്നെയാണ് ആർത്ത സമയത്ത് പുറം തള്ളുന്നതെന്നും അത് ജീവന്റെ നിലനില്പിന് ആധാരമായ ഒരു ജൈവ പ്രക്രിയ ആണെന്നിരിക്കെ ആർത്തവം അശുദ്ധിയാണെന്ന്  പറയിപ്പിക്കുന്ന സാമൂഹ്യാവസ്ഥയെ വിശകലനം നടത്തേണ്ടതുണ്ട്. നമ്മുടെ ക്ലാസ് മുറികളിൽ നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയയെ വിലയിരുത്തേണ്ട സന്ദർഭമാണിത്. കേവലം ആരാധനാ സ്വാതന്ത്ര്യത്തിന്റെ വിഷയ മല്ലിത്.നാല് വിശ്വാസികൾ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് ഭരണഘടനയെ മുൻനിർത്തി പ്രസ്താവിച്ച വിധിക്കെതിരായ വെല്ലുവിളി,ജനങ്ങളെ ധ്രുവീകരിച്ച് മത ജാതി കള്ളികളിലാക്കുന്ന സവർണ്ണമേധാവിത്തത്തിന്റെയും ആണധികാരത്തിന്റെതുമായ സാമൂഹ്യ വ്യവസ്ഥയെ അതേപടി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അനാചരങ്ങൾ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം എല്ലാ കാലത്തും ഇത്തരംശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത് നവോത്ഥാനത്തിൽ നിന്നുള്ള പിറകോട്ടടിയാണ്.ഇന്ത്യൻ ഭരണഘടനയും അത് ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളും ശാസ്ത്രബോധവും ഉയർത്തിപ്പിടിച്ചുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഇക്കാലത്ത് ഉയർന്നു വരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.  മേഖലാ പ്രസിഡന്റ്എം.കെ.രാജിനി അധ്യക്ഷത വഹിച്ചു.ശാസ്ത്ര മാസിക പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പി ച്ച പരിപാടിയിൽ മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക വായനശാല സെക്രട്ടരി പി.കെ.പ്രഭാകരൻ, ശ്രീകണ്ഠപുരം മേഖലാ സെക്രട്ടരി എം വി ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്നും വരിസംഖ്യ ജനറൽ സെക്രട്ടറി ഏറ്റുവാങ്ങി.എം.ദിവാകരൻ, കെ സി പത്മനാഭൻ എന്നിവർ സംസാരിച്ചു.ടി വി.ബിജുകുമാർ സ്വാഗതവും സി.വിനോദ് നന്ദിയും പറഞ്ഞു.
Previous Post Next Post